അപൂർവ ലൈബ്രറി പുസ്തകങ്ങളുടെ ശാസ്ത്രീയ സംരക്ഷണം പദ്ധതിയിലേക്കുള്ള പ്രോജക്ട് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് സംസ്ഥാന ആർക്കൈവ്സ് വകുപ്പ് വാക്ക്-ഇൻ ഇൻ്റർവ്യൂ നടത്തുന്നു.   |   • Revised fees details for accessing records in Kerala State Archives Department

ഞങ്ങളെക്കുറിച്ച്‌

സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര വകുപ്പായ സംസ്ഥാന പുരാരേഖ വകുപ്പ്‌ 1962-ലാണ്‌ രൂപീകരിക്കപ്പെട്ടത്‌. സംസ്ഥാനത്തിന്റെയും മറ്റ്‌ വിവിധ വകുപ്പുകളുടെയും സ്ഥിരമൂല്യമുള്ള പ്രചാരത്തിലില്ലാത്ത രേഖകളുടെ സൂക്ഷിപ്പുകാരായാണ്‌ വകുപ്പ്‌ പ്രവര്‍ത്തിക്കുന്നത്‌. ആര്‍ക്കൈവ്‌സിന്റെ ചുമതലയുള്ള മന്ത്രി അദ്ധ്യക്ഷനായ സംസ്ഥാനതല ഉപദേശക സമിതിയാണ്‌ ഈ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നത്‌. മുമ്പ്‌ ഈ വകുപ്പ്‌ വിദ്യാഭ്യാസ വകുപ്പിനു കീഴിലായിരുന്നു. ആര്‍ക്കൈവ്‌സ്‌ ഡയറക്ടര്‍ ആണ്‌ വകുപ്പിന്റെ അദ്ധ്യക്ഷന്‍.

തിരുവനന്തപുരത്താണ്‌ വകുപ്പ്‌ അദ്ധ്യക്ഷ കാര്യാലയം സ്ഥിതി ചെയ്യുന്നത്‌. തിരുവനന്തപുരത്തും, എറണാകുളത്തും, കോഴിക്കോടുമായി മൂന്ന്‌ റീജിയണല്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ആകെ 167 ഉദ്യോഗസ്ഥരാണ്‌ ഓഫീസില്‍ ഉളളത്‌. സൂപ്രണ്ട്‌ റാങ്കിലുളള ഓഫീസര്‍ക്കാണ്‌ ഈ ഓഫീസുകളുടെ ചുമതല. 5 ജില്ലാ ഹെറിറ്റേജ്‌ സെന്ററുകള്‍, വൈക്കം സത്യാഗ്രഹ സ്‌മാരക ഗാന്ധി മ്യൂസിയം, പാം ലീഫ്‌ മ്യൂസിയം എന്നിവ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.

1887-ലെ തിരുവിതാംകൂര്‍ ഹജൂര്‍ പ്രാദേശിക രേഖകളും 1901-ല്‍ കൊച്ചിയില്‍ തയ്യാറാക്കിയ സെന്‍ട്രല്‍ റെക്കോര്‍ഡുകളും സംസ്ഥാന ആര്‍ക്കൈവ്‌സ്‌ വകുപ്പിന്റെ ചരിത്രത്തിലേക്ക്‌ വെളിച്ചം വീശുന്നു. തിരുവനന്തപുരത്തു വെച്ചു നടന്ന 34-ാമത്‌ ഇന്ത്യന്‍ ഹിസ്റ്റോറിക്കല്‍ റെക്കോര്‍ഡ്‌സ്‌ കമ്മീഷന്റെ യോഗത്തിലാണ്‌ ഇന്ത്യയില്‍ തന്നെ ഇത്തരത്തിലുള്ള വകുപ്പുകളുടെ രൂപീകരണത്തിലേക്കുള്ള ആലോചന നടന്നത്‌. 1958-ല്‍ ശ്രീ. ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട്‌ മുഖ്യമന്ത്രി ആയിരുന്ന കാലത്തായിരുന്നു ഈ തീരുമാനം കൈക്കൊണ്ടത്‌. 1966-ല്‍ ആര്‍ക്കൈവ്‌സ്‌, കോഴിക്കോട്‌ എന്ന പേരില്‍ കോഴിക്കോടും ഒരു റീജിയണല്‍ ഓഫീസ്‌ ആരംഭിച്ചു.

ലക്ഷ്യം

  1. സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന പബ്ലിക്‌ സര്‍വ്വീസ്‌ കമ്മീഷന്‍ പോലുള്ള വിവിധ വകുപ്പുകളുടെയും സ്ഥിര മൂല്യമുള്ള പ്രചാരത്തിലില്ലാത്ത രേഖകളുടെ പരിരക്ഷണം. കൂടാതെ ഇത്തരം രേഖകള്‍ ഔദ്യോഗിക ആവശ്യത്തിനും ചരിത്ര ഗവേഷണത്തിനുമായി ലഭ്യമാക്കല്‍.
  2. വകുപ്പ്‌ ചുമതലയുളള ഉദ്യോഗസ്ഥര്‍ക്കും വിവിധ വകുപ്പു തല റെക്കോര്‍ഡ്‌ മുറികളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും ഔദ്യോഗിക പരിശീലനം / റീ ഓറിയന്റേഷന്‍ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുക.
  3. രേഖകളുടെ സംരക്ഷണത്തിനുള്ള സമയക്രമം തയ്യാറാക്കാനും രേഖകളുടെ പരിപാലനത്തിനും കൈകാര്യം ആവശ്യമായ സാങ്കേതിക സഹായം ലഭ്യമാക്കാനും വകുപ്പുതല രേഖകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരെ സഹായിക്കുക.
  4. പുരാരേഖ സംബന്ധമായ കമ്മറ്റികളുടെയും കമ്മീഷനുകളുടെയും തീരുമാനങ്ങള്‍ നടപ്പിലാക്കുക, പൗരാണിക രേഖകളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കാന്‍ സഹായിക്കുന്ന പുരാരേഖ പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍, ശില്‌പശാലകള്‍ തുടങ്ങിയവ സംഘടിപ്പിക്കുക.

പ്രധാന പ്രവര്‍ത്തനങ്ങള്‍

  1. പുരാരേഖകള്‍, ചരിത്ര രേഖകള്‍ തുടങ്ങിയവയുടെ സംരക്ഷണം, പരിപാലനം, പ്രസാധനം എന്നീ മേഖലകളിലെ നെടുംതൂണാണ്‌ കേരള സംസ്ഥാന പുരാരേഖ വകുപ്പ്‌.
  2. വിവിധ പരിശീലന പരിപാടികളും പ്രദര്‍ശനങ്ങളും വകുപ്പ്‌ സംഘടിപ്പിക്കുന്നു.
  3. ലോകത്തിലെ പുരാരേഖ പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന 170 രാജ്യങ്ങള്‍ അംഗങ്ങളായുള്ള ഒരു അന്താരാഷ്ട്ര സമിതിയിലെ 'എ' കാറ്റഗറി അംഗമാണ്‌ സംസ്ഥാന ആര്‍ക്കൈവ്‌സ്‌ വകുപ്പ്‌.
  4. ദേശീയ മ്യൂസിയം അസോസിയേഷന്‍, ഇന്ത്യന്‍ ഹിസ്‌റ്റോറിക്കല്‍ റെക്കോര്‍ഡ്‌സ്‌ കമ്മീഷന്‍, അസോസിയേഷന്‍ ഓഫ്‌ ഇന്ത്യന്‍ ആര്‍ക്കൈവിസ്റ്റ്‌സ്‌ തുടങ്ങിയ ദേശീയതല സംഘടനകളിലെ അംഗമാണ്‌.
  5. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും പുരാരേഖകളുടെ സംരക്ഷണത്തിനായി ഗ്രാന്റ്‌ അനുവദിക്കുന്ന കേന്ദ്ര ഗ്രാന്റ്‌ കമ്മറ്റിയിലെ അംഗവും നോഡല്‍ ഏജന്‍സിയുമാണ്‌ കേരള സംസ്ഥാന പുരാരേഖാ വകുപ്പ്‌ ഡയറക്ടര്‍.

പൊതുപരിപാടികള്‍

  1. പതിവായി സംഘടിപ്പിച്ചു വരാറുള്ള പുരാരേഖകളുടെ പ്രദര്‍ശനം.
  2. പുരാരേഖകളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി സ്‌കൂളുകളിലും കോളേജുകളിലും സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഫോറം പരിപാടികള്‍.
  3. ജനങ്ങള്‍ക്കിടയില്‍ പൈതൃക രേഖകളുടെ പ്രാധാന്യത്തെക്കുറിച്ച്‌ അവബോധം വളര്‍ത്തുന്നതിനായി സംഘടിപ്പിക്കുന്ന സെമിനാറുകള്‍.
  4. തിരുവനന്തപുരം ഗവ. പ്രസ്സിലും, ബുക്ക്‌ മാര്‍ക്കറ്റിങ്ങ്‌ സൊസൈറ്റിയുടെ വില്‍പ്പന കൗണ്ടറുകളിലുമായി ആര്‍ക്കൈവ്‌സ്‌ പബ്ലിക്കേഷന്‍ എന്ന പേരില്‍ ലഭ്യമാക്കുന്ന യഥാര്‍ത്ഥ രേഖകള്‍.
  5. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച്‌ സംഘടിപ്പിക്കുന്ന ചര്‍ച്ചകള്‍.

പരിശീലന പരിപാടികള്‍

വകുപ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും വിവിധ വകുപ്പു തല റെക്കോര്‍ഡ്‌ മുറികളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും ഔദ്യോഗിക പരിശീലനം, റീ-ഓറിയന്റേഷന്‍ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നു.