സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ ചരിത്രാവബോധം സൃഷ്ടിക്കുന്നതിനും അവരവരുടെ വീടുകളിലെ ചരിത്രമൂല്യമുള്ള രേഖകളും മറ്റും കണ്ടെത്തി സംരക്ഷിക്കാനും സൂക്ഷിക്കാനുമായി കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആരംഭിച്ച പദ്ധതിയാണ് ഹെറിറ്റേജ് ക്ലബ്. കേരള സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ഈ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയാണ് സംസ്ഥാന പുരാരേഖ വകുപ്പ്.
ഗതകാല സമൂഹത്തിന്റെ അതിശയിപ്പിക്കുന്ന ചരിത്രത്തെ കുറിച്ച് കുട്ടികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുക വഴി കുട്ടികളില്‍ ചരിത്ര ബോധത്തിന്റെ ആവശ്യകത മനസ്സിലാക്കി കൊടുക്കുകയാണ് ക്ലബ് ചെയ്യുന്നത്. ചരിത്രം, സംസ്‌കാരം, ചരിത്രപരമായ സൂക്ഷിപ്പുകള്‍ തുടങ്ങിയ പൈതൃക സമ്പത്ത് സംരക്ഷിക്കുന്നതില്‍ ഹെറിറ്റേജ് ക്ലബുകള്‍ക്ക് വളരെയധികം പങ്കു വഹിക്കാന്‍ കഴിയും. ചരിത്ര രേഖകള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് യുവജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തുവാനും ക്ലബുകള്‍ സഹായിക്കും. ഓരോ ഹെറിറ്റേജ് ക്ലബിനും ഒരു അദ്ധ്യാപകന്‍ / അദ്ധ്യാപികയും അഞ്ചു വിദ്യാര്‍ത്ഥികളും ഒരു കണ്‍വീനറും, ജോയിന്റ് കണ്‍വീനറും അടങ്ങുന്ന ഒരു എക്‌സിക്യൂട്ടീവ് കമ്മറ്റി ഉണ്ടായിരിക്കും.
സ്‌കൂളുകള്‍ക്കായി പുരാരേഖ വകുപ്പ് ആരംഭിച്ച പദ്ധതികള്‍
- ഓരോ ജില്ലയിലെയും തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളിന് ഇരുപതിനായിരം രൂപയുടെ ഗ്രാന്റ്
സ്‌കൂളുകളിലെ ഹെറിറ്റേജ് ക്ലബുകളുടെ സഹായത്തോടെ പ്രാദേശിക ചരിത്ര രചന, ഡോക്യുമെന്ററി തയ്യാറാക്കല്‍, പഠന യാത്രകള്‍, പൈതൃക സര്‍വ്വെകള്‍ തുടങ്ങിയവ നടത്തി വരുന്നു. ഇതിനായി ഓരോ ജില്ലയിലും ഉള്ള തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളിന് സര്‍ക്കാരിന്റെ ഗ്രാന്റ് ആയി ഇരുപതിനായിരം രൂപ നല്‍കുന്നതാണ്. അപേക്ഷകരില്‍ നിന്നും തെരഞ്ഞെടുക്കുന്ന മികച്ച പ്രോജക്ടിനാണ് ഗ്രാന്റ് അനുവദിക്കുക.
- പൈതൃക പുരസ്‌കാരം
സ്‌കൂളുകളിലെ ഹെറിറ്റേജ് ക്ലബുകളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കുന്നവയ്‌ക്കാണ് അവാര്‍ഡ് നല്‍കുക. ഒന്നാം സ്ഥാനത്തിന് 25,000 രൂപയും, രണ്ടാം സ്ഥാനത്തിന് 15,000 രൂപയും, മൂന്നാം സ്ഥാനത്തിന് 10,000 രൂപയുമാണ് അവാര്‍ഡ് തുക. ഓരോ ഹെറിറ്റേജ് ക്ലബിന്റെയും പ്രവര്‍ത്തനങ്ങള്‍ കമ്മിറ്റി വിലയിരുത്തിയാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്.
- ചരിത്ര പ്രശ്‌നോത്തരി
വിദ്യാര്‍ത്ഥികളില്‍ നമ്മുടെ പൈതൃകവും, ചരിത്ര രേഖകളും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അറിവു വളര്‍ത്തുന്നതിനായി പുരാരേഖ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി എല്ലാ വര്‍ഷവും ചരിത്ര പ്രശ്‌നോത്തരി സംഘടിപ്പിക്കുന്നു. സ്‌കൂള്‍ തലം, ഡി.ഇ.ഒ. തലം, പ്രാദേശിക തലം, സംസ്ഥാന തലം എന്നിങ്ങനെ നാല് ഘട്ടങ്ങളിലായാണ് മത്സരം നടത്തുന്നത്. സംസ്ഥാന തലത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് ട്രോഫികള്‍ക്കൊപ്പം യഥാക്രമം 25,000, 15,000, 10,000 എന്നിങ്ങനെ സമ്മാനത്തുകയും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്.
- പൈതൃക പഠനയാത്രകള്‍
ചരിത്ര പ്രശ്‌നോത്തരിയിലെ വിജയികള്‍ക്കായി പുരാരേഖ വകുപ്പ് ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് പഠനയാത്രകള്‍ സംഘടിപ്പിക്കുന്നു.
- ചരിത്ര പ്രദര്‍ശനം
പുരാരേഖ വകുപ്പിന്റെ കൈവശമുള്ള ചരിത്ര രേഖകളുടെ പ്രദര്‍ശനം സംഘടിപ്പിക്കുന്നത് പൊതുജനങ്ങളിലും വിശിഷ്യാ വിദ്യാര്‍ത്ഥികളിലും ചരിത്രാവബോധം വളര്‍ത്താന്‍ സഹായകമാകും. സ്‌കൂളുകള്‍ / സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്നതനുസരിച്ച് സൗജന്യമായാണ് പുരാരേഖ വകുപ്പ് ഈ പ്രദര്‍ശനം ഒരുക്കുന്നത്.
- പൈതൃക ക്യാമ്പ്
ഹെറിറ്റേജ് ക്ലബുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനായി ക്ലബ് അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപികമാര്‍ എന്നിവരുടെ പങ്കാളിത്തത്തോടെ എല്ലാ വര്‍ഷവും പൈതൃക ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി പൈതൃകവുമായി ബന്ധപ്പെട്ട സെമിനാറുകളും, സാംസ്‌കാരിക പരിപാടികളും, വിദഗ്‌ദ്ധര്‍ നയിക്കുന്ന ചരിത്ര പഠന ക്ലാസ്സുകളും സംഘടിപ്പിക്കുന്നു.
- ഔദ്യോഗിക ഭാഷയായ മലയാളം പ്രചരിപ്പിക്കല്‍
നമ്മുടെ മാതൃഭാഷയായ മലയാളത്തിന്റെ പാരമ്പര്യവും മഹത്വവും പ്രചരിപ്പിക്കാനുതകുന്ന വിവിധ പരിപാടികള്‍ വകുപ്പ് സംഘടിപ്പിക്കുന്നു. ജനങ്ങള്‍ക്ക് താളിയോല ഗ്രന്ഥങ്ങള്‍ പരിചയപ്പെടുത്തുന്നതിനോടൊപ്പം വട്ടെഴുത്ത്, കോലെഴുത്ത്, സംസ്‌കൃതം, മലയാണ്‍മ ലിപികളും പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. മലയാള ഭാഷയുടെ ഉത്ഭവവും വളര്‍ച്ചയും മനസ്സിലാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമായ പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍, ആഘോഷങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നു.
- ആര്‍ക്കൈവ്‌സ് സന്ദര്‍ശനം
സംസ്ഥാനത്തിന്റെ ചരിത്രത്തെയും പൈതൃകത്തെയും അനാവരണം ചെയ്യുന്ന എല്ലാ രേഖകളും സംരക്ഷിക്കുന്ന ഇടമാണ് ആര്‍ക്കൈവ്‌സ്. ബൃഹത്തായ താളിയോല ഗ്രന്ഥങ്ങളുടെ ശേഖരം, പേര്‍ഷ്യന്‍, ഉറുദു, സംസ്‌കൃതം ഭാഷകളിലുള്ള രേഖകള്‍, മുളയിലും ചെപ്പേടുകളിലുമുള്ള ലിഖിതങ്ങള്‍ എന്നിങ്ങനെ അമൂല്യമായ വലിയൊരു ശേഖരം തന്നെ ഇവിടെ സൂക്ഷിച്ചു വരുന്നു. വിവിധ ഗവേഷണ ആവശ്യങ്ങള്‍ക്കായി ആര്‍ക്കൈവ്‌സ് മ്യൂസിയം, പ്രാദേശിക കാര്യാലയം, വകുപ്പ് അദ്ധ്യക്ഷ കാര്യാലയം എന്നിവ സന്ദര്‍ശിക്കുന്നതിന് പുരാരേഖ വകുപ്പ് പ്രോത്സാഹനം നല്‌കുന്നു.