അപൂർവ ലൈബ്രറി പുസ്തകങ്ങളുടെ ശാസ്ത്രീയ സംരക്ഷണം പദ്ധതിയിലേക്കുള്ള പ്രോജക്ട് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് സംസ്ഥാന ആർക്കൈവ്സ് വകുപ്പ് വാക്ക്-ഇൻ ഇൻ്റർവ്യൂ നടത്തുന്നു.   |   • Revised fees details for accessing records in Kerala State Archives Department

രേഖാശേഖരം

എ.ഡി. 1424 മുതലുള്ള രേഖകളും ലിഖിതങ്ങളും അടങ്ങുന്ന വലിയൊരു ശേഖരമാണ്‌ കേരള സര്‍ക്കാരിന്റെ പുരാരേഖ വകുപ്പില്‍ ഉള്ളത്‌. വിവിധ ഭാഷകളിലായി കടലാസ്‌, താളിയോല ഗ്രന്ഥങ്ങള്‍, മുളക്കീറുകള്‍, ചെമ്പുതകിടുകള്‍, മൈക്രോ ഫിലിമുകള്‍ എന്നിങ്ങനെ പുരാതനവും ആധുനികവുമായ നിരവധി മാധ്യമങ്ങളിലായാണ്‌ ഈ ലിഖിതശേഖരം ഉള്ളത്‌.

പൊതു രേഖകള്‍

  1. തിരുവിതാംകൂര്‍ നാട്ടുരാജ്യത്തില്‍ നിന്നുള്ള രേഖകള്‍ (ക്രി. വ. 1424 - 1885) ഇവ തിരുവനന്തപുരം സെന്‍ട്രല്‍ ആര്‍ക്കൈവ്‌സില്‍ ലഭ്യമാണ്‌.
  2. കൊച്ചി രാജ്യത്തില്‍ നിന്നുള്ള രേഖകള്‍ (ക്രി. വ. 1567 - 1949) താളിയോലയിലും കടലാസിലുമുള്ള രേഖകള്‍. ഇവ എറണാകുളം റീജിയണല്‍ ആര്‍ക്കൈവ്‌സില്‍ ലഭ്യമാണ്‌.
  3. മദ്രാസിന്റെ ഭാഗമായിരുന്ന മലബാര്‍ ജില്ലയില്‍ നിന്നുള്ള രേഖകള്‍ (1805 - 1936) ഇവ കോഴിക്കോട്‌ സിവില്‍ സ്‌റ്റേഷന്‍ റീജിയണല്‍ ആര്‍ക്കൈവ്‌സില്‍ ലഭ്യമാണ്‌.
  4. സര്‍ക്കാര്‍ സെക്രട്ടേറിയേറ്റ്‌ നിലവറയില്‍ (1728 - 1956) നിന്നുള്ള രേഖകളും തമിഴ്‌നാട്ടില്‍ നിന്ന്‌ കൈമാറ്റം ചെയ്‌ത മലബാര്‍ കലക്ടറേറ്റില്‍ (1803 - 1898) നിന്നുള്ള രേഖകളും തിരുവനന്തപുരം നളന്ദയിലെ പുരാരേഖ വകുപ്പ്‌ ആസ്ഥാനത്തു ലഭ്യമാണ്‌.

സ്വകാര്യ രേഖകള്‍

പുരാതന രേഖകളില്‍ അധികഭാഗവും താളിയോല ഗ്രന്ഥങ്ങളാണ്‌. വിലമതിക്കാനാവാത്ത ഈ പൈതൃക രേഖകള്‍ സംരക്ഷിക്കുന്നതില്‍ സംസ്ഥാന ആര്‍ക്കൈവ്‌സ്‌ വഹിച്ചു വരുന്ന പങ്ക്‌ വളരെ വലുതാണ്‌. താളിയോല രേഖകള്‍ രണ്ടു തരത്തിലുണ്ട്‌. ചുരുണകളും ഗ്രന്ഥങ്ങളും. മുകളിലും താഴെയും തടി കൊണ്ടു നിര്‍മ്മിച്ച ആവരണം കൊടുത്ത്‌ സംരക്ഷിക്കുന്നതിനെ ഗ്രന്ഥം എന്നു പറയുന്നു.

ചുരുണകള്‍

വലിയ അടുക്കുകളായി സൂക്ഷിക്കുന്ന നീളമുള്ള താളിയോല ചുരുളുകളെയാണ്‌ ചുരുണകള്‍ എന്നു വിളിക്കുന്നത്‌. ഇത്തരത്തില്‍ പതിനാലായിരത്തിലധികം ചുരുണകളാണ്‌ സംസ്ഥാന പുരാരേഖ വകുപ്പില്‍ സൂക്ഷിച്ചിട്ടുള്ളത്‌. കേരളത്തിലെ ഏറ്റവും വലിയ താളിയോല ശേഖരം എന്നു തന്നെ ഇതിനെ വിളിക്കാം. പ്രാചീന മലയാള ലിപികളായ വട്ടെഴുത്ത്‌, കോലെഴുത്ത്‌, മലയാണ്മ എന്നിവയിലും തമിഴിലും മലയാളത്തിലും ഉള്ള എഴുത്തോലകളുണ്ട്‌. വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചുരുണകളിലെ പ്രധാനപ്പെട്ടവയില്‍ ചിലത്‌ ഇവയാണ്‌ :

മൈക്രോ ഫിലിമുകള്‍

ലണ്ടനിലെ ഇന്ത്യ ഓഫീസ്‌ ലൈബ്രറി & റെക്കോര്‍ഡ്‌സില്‍ നിന്നും ലഭിച്ചതും കേന്ദ്ര സഹായ സ്‌കീമില്‍പ്പെടുത്തി തിരുവനന്തപുരത്തെ സെന്‍ട്രല്‍ ആര്‍ക്കൈവ്‌സ്‌, എറണാകുളത്തെ റീജിയണല്‍ ആര്‍ക്കൈവ്‌സ്‌, തിരുവനന്തപുരത്തെ ആര്‍ക്കൈവ്‌സ്‌ ആസ്ഥാനം എന്നിവിടങ്ങളില്‍ തയ്യാറാക്കപ്പെട്ടതുമായ 458-ഓളം മൈക്രോ ഫിലിമുകള്‍.

ചെല്ലം വക രേഖകള്‍

പത്മനാഭസ്വാമി ക്ഷേത്രത്തിലും കൊട്ടാരത്തിലുമായി സംരക്ഷിച്ചിട്ടുള്ള യുദ്ധം നടത്തല്‍, ഉടമ്പടികള്‍ അവസാനിപ്പിക്കല്‍, നയതന്ത്രം നടപ്പിലാക്കല്‍ പോലുള്ള രാഷ്ട്രീയ സംഭവങ്ങളുമായി ബന്ധപ്പെട്ട രേഖകളെ ചെല്ലം വക രേഖകള്‍ എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌.

ഒഴുകുകള്‍

ഭൂസ്വത്തുമായി ബന്ധപ്പെട്ടവയാണ്‌ ഇവ. ക്രി. വ. 1802 മുതല്‍ 1837 കാലയളവിലുള്ളവ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്‌. ഇതില്‍ ലക്കം നമ്പര്‍, വൃക്ഷങ്ങളുടെ എണ്ണം, നികുതി കണക്കാക്കിയത്‌, വസ്‌തുവിന്റെ നികുതി അടക്കേണ്ടയാളുടെ പേരും വിലാസവും എന്നിവയൊക്കെ രേഖപ്പെടുത്തിയിരിക്കുന്നു.

വിളങ്ങിപ്പേര്‍ രേഖകള്‍

വസ്‌തു ആര്‍ക്ക്‌ അവകാശപ്പെട്ടതാണെന്നും വസ്‌തുവിന്റെ പാരമ്പര്യ അവകാശം വന്ന വഴിയും രേഖപ്പെടുത്തിയിട്ടുള്ള ലിഖിതങ്ങളാണിത്‌.

ഹജൂര്‍ കച്ചേരി ഏറടവ്‌

ട്രഷറി അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ചുരുണകള്‍ ഉള്‍പ്പെട്ടവ.

അതിര്‍ത്തി തര്‍ക്കങ്ങള്‍

തിരുവിതാംകൂറും കൊച്ചിയും തമ്മിലുള്ളവയും അയല്‍നാട്ടു രാജ്യങ്ങള്‍ തമ്മിലുള്ളവയുമായ അതിര്‍ത്തി തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട ചുരുണകള്‍.

ഹൈക്കോടതി രേഖകള്‍

തിരുവിതാംകൂറിലെ ഹൈക്കോടതിയുടെ വിധികളും തീരുമാനങ്ങളും അടങ്ങുന്ന രേഖകള്‍.

ഹെഡ്‌ സര്‍ക്കാര്‍ വക്കീലിന്റെ ഓഫീസിലെ രേഖകള്‍

രാജകുടുംബത്തിലെ ദത്തെടുക്കപ്പെട്ടവരും അല്ലാത്തവരുമായ തമ്പുരാന്മാരുടെ പെന്‍ഷന്‍ പോലുളള തീരുമാനങ്ങളുമായി ബന്ധപ്പെട്ട അദാലം തീര്‍പ്പുകള്‍ ഉള്‍പ്പെട്ടവയാണിത്‌.

നീട്ടുകള്‍ (രാജ ശാസനങ്ങള്‍)

വകുപ്പ്‌ മേലാളന്മാര്‍ക്കുള്ള ശാസനങ്ങളും ഉത്തരവുകളും ആണ്‌ നീട്ടുകള്‍.

മതിലകം രേഖകള്‍

പത്മനാഭ സ്വാമി ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട ഏകദേശം മൂവായിരത്തോളം ചുരുണകള്‍ അടങ്ങുന്ന ശേഖരമാണിത്‌.

ഗ്രന്ഥങ്ങള്‍

ഇരുവശവും മരച്ചീളുകൊണ്ട്‌ സംരക്ഷിക്കപ്പെട്ടിട്ടുള്ള നിശ്ചിത അളവില്‍ മുറിച്ച താളിയോലകളുടെ കൈയെഴുത്തു പ്രതിയാണിത്‌. ഒഴുകു ഗ്രന്ഥങ്ങളും ചരിത്ര ഗ്രന്ഥങ്ങളുമുണ്ട്‌. ഇവ പതിനഞ്ചാം നൂറ്റാണ്ടു മുതലുള്ളവയുണ്ട്‌. കേരള ചരിത്രവും സാമൂഹിക, രാഷ്ട്രീയ ജീവിതവും അടങ്ങുന്നവയാണ്‌ ചരിത്ര ഗ്രന്ഥങ്ങള്‍.